ലോക്ക് ഡൗണിൽ കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും; വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തും

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടും. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 11.25നാണ് ട്രെയിൻ പുറപ്പെടുന്നത്.
 

കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടും. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 11.25നാണ് ട്രെയിൻ പുറപ്പെടുന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.25ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും.

കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ മൂന്നിടങ്ങളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്. കോഴിക്കോടും എറണാകുളവും. വെള്ളിയാഴ്ച വൈകുന്നേരം 7.45ന് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് തിരിക്കും. ആഴ്ചയിൽ മൂന്ന് ദിവസമാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള സർവീസ്.

ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്ന് ട്രെയിനുകൾ ഓടുന്നുണ്ട്. സർക്കാരിന്റെ മാർഗരേഖ നടപ്പാക്കിയാണ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് രാജ്യത്ത് യാത്രാ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത്. ആദ്യ പാസഞ്ചർ ട്രെയിൻ ഡൽഹിയിൽ നിന്ന് ബിലാസ്പൂരിലേക്കാണ് പുറപ്പെട്ടത്. കൂടാതെ ബംഗളൂരുവിലേക്കും ദിബ്രുഗഡിലേക്കും ട്രെയിനുകൾ പുറപ്പെട്ടിരുന്നു

ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പതിനഞ്ച് നഗരങ്ങളിലേക്കാണ് റെയിൽവേ സർവീസ് നടത്തുന്നത്. ടിക്കറ്റ് ലഭിച്ചവരെ മാത്രമാകും റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുക. രോഗലക്ഷണമില്ലാത്തവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. ഉയർന്ന നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നുണ്ട്.