{"vars":{"id": "89527:4990"}}

കിണറില്‍ ഇറങ്ങി നിധി കുഴിച്ചെടുക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം അഞ്ചംഗ സംഘം പിടിയില്‍

 
കാസര്‍കോട് നിധി കുഴിക്കാനിറങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റില്‍ നിധിയുണ്ടെന്നും കിട്ടിയാല്‍ തുല്യമായി വീതിക്കാമെന്നും പറഞ്ഞാണ് ഇവര്‍ കുഴിയെടുക്കാന്‍ തീരുമാനിച്ചത്. മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരാണ് പിടിയിലായത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ സമാനമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്. കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉള്ളിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.