അതീവ സുരക്ഷ മേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രതിപക്ഷ MLAമാരുടെ പി.എമാര്‍ക്ക് നോട്ടീസ്

 

നിയമസഭാസമ്മേളനത്തിനിടെ അരങ്ങേറിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് നോട്ടീസ്. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതില്‍ വിശദീകരണം തേടിയാണ് സ്പീക്കറുടെ നോട്ടീസ്. ഏഴ് എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളോടാണ് വിശദീകരണം തേടിയത്. 

ടി. സിദ്ദീഖ്, പി.കെ. ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍,കെ.കെ. രമ, എം.കെ. മുനീര്‍, എ.പി. അനില്‍കുമാര്‍ എന്നീ എംഎല്‍എമാരുടെ പിഎ മാര്‍ക്കെതിരെയാണ് നോട്ടീസ്. ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് സ്പീക്കറുടെ നീക്കം. നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം നിയമസഭാസെക്രട്ടറിയെ രേഖാമൂലം വിശദീകരണം അറിയിക്കണം. അല്ലാത്തപക്ഷം ചട്ടപ്രകാരമുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ നോട്ടീസില്‍ വ്യക്തമാക്കി.