ഫോർബ്‌സ് റിയൽടൈം പട്ടിക: ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി, ഇന്ത്യക്കാരിൽ ഒന്നാമനായി മുകേഷ് അംബാനി
ലോകസമ്പന്നരുടെ ഫോർബ്‌സ് റിയൽടൈം പുതിയ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യൺ ഡോളർ) ആസ്തിയാണ് എം.എ. യൂസഫലിക്കുള്ളത്. പട്ടികയിൽ 752ാം സ്ഥാനത്താണ് അദ്ദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ചർ, ഫുഡ് പ്രോസസിംഗ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച വളർച്ചാനിരക്കാണ് ലുലുവിനുള്ളത്.
ജോയി ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയി ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമത്. 754ാം സ്ഥാനത്താണ് ജോയി ആലുക്കാസ്. ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (4 ബില്യൺ ഡോളർ), ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4 ബില്യൺ ഡോളർ), കല്യാണ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (3.6 ബില്യൺ ഡോളർ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ (3.6 ബില്യൺ ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.5 ബില്യൺ ഡോളർ) തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ച മലയാളികളാണ്.
ആഗോള തലത്തിൽ ടെസ്ല, സ്‌പേസ്എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 476.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഓറക്കിൾ സഹസ്ഥാപകനായ ലാറി എലിസൺ (365.4 ബില്യൺ ഡോളർ), മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് (262.7 ബില്യൺ ഡോളർ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യക്കാരിൽ 104.9 ബില്യൺ ഡോളറിന്റെ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 64.1 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്.