വിദേശയാത്രയും ചട്ടലംഘനങ്ങളും: എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് തള്ളി ഹൈക്കോടതി
അനുമതിയില്ലാതെയുള്ള വിദേശയാത്രയും ചട്ടലംഘനങ്ങളും ആരോപിച്ചുള്ള പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് തള്ളി ഹൈക്കോടതി. നിയമനടപടി സ്വീകരിക്കാതെ പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയ അന്നത്തെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടിയിലും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.
പരാതിക്കാരന് സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിച്ചുവെന്ന് കോടതി വ്യക്തമാക്കി. പരാതി നിയമപ്രകാരം പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ച് കേൾക്കുന്നത് തെറ്റെന്ന് കോടതി പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആരോപണവിധേയനായ സാഹചര്യത്തിൽ സംയുക്ത ഹിയറിംഗ് അനുചിതമെന്ന് നിരീക്ഷണം.
റിപ്പോർട്ടിൽ തീയതി പോലും രേഖപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി വിമർശനം. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ നടപടിയും പ്രതീക്ഷിക്കുന്നുവെന്ന് കോടതി പറഞ്ഞു. എസ്. ശ്രീജിത്ത് ഇല്ലാതെ പരാതിക്കാരന് വ്യക്തിഗത ഹിയറിംഗ് നൽകാൻ നിർദേശം നൽകി. ദിപിൻ എടവനയാണ് എഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നത്.