കൊലപാതക കേസിൽ കസ്റ്റഡിയിലായ മുൻ കൗൺസിലർ കോട്ടയത്ത് കോൺഗ്രസിന്റെ വിമത സ്ഥാനാർഥി
പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദർശ്(23) കൊല്ലപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത മുൻ കൗൺസിലർ വികെ അനിൽ കുമാർ കോൺഗ്രസ് സ്ഥാനാർഥി. കോട്ടയം നഗരസഭ 39ാം വാർഡായ ഇലിക്കലിലെ സ്ഥാനാർഥിയാണ് വികെ അനിൽ കുമാർ. കോൺഗ്രസിന്റെ വിമത സ്ഥാനാർഥിയായാണ് അനിൽ കുമാർ മത്സരിക്കുന്നത്.
നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എപി സന്തോഷ് കുമാറിനെതിരെയാണ് അനിൽ മത്സരിക്കുന്നത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽകുമാർ ചർച്ച നടത്തിയിരുന്നു. എന്നാൽ എൽഡിഎഫിൽ സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് കൊലപാതക കേസിൽ അനിൽ കുമാർ കസ്റ്റഡിയിലാകുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആദർശിന്റെ കൊലപാതകത്തിൽ കലാശിച്ചത്. അനിൽ കുമാറിന്റെ മകൻ അഭിജിത്തും പോലീസ് കസ്റ്റഡിയിലാണ്.