{"vars":{"id": "89527:4990"}}

നാല് കോർപറേഷൻ, 54 മുൻസിപ്പാലിറ്റി, 504 ഗ്രാമപഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്; വലത്തേക്ക് ചാഞ്ഞ് കേരളം
 

 

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ രാഷ്ട്രീയകേരളത്തിൽ വീണ്ടും നിലയുറപ്പിച്ച് യുഡിഎഫ്. കഴിഞ്ഞ പത്ത് വർഷം അധികാരത്തിൽ നിന്ന് പുറത്തായിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനായതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാമ്പുകൾ. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസങ്ങൾ മാത്രം ശേഷിക്കെ തദ്ദേശ പോരിൽ വിജയക്കുറി അണിഞ്ഞ് സെമി ഫൈനൽ വിജയിച്ച് പോര് തുറന്നിരിക്കുകയാണ് കോൺഗ്രസും ഘടകകക്ഷികളും

ഒരുപക്ഷേ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം തന്നെയാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആറ് കോർപറേഷനുകളിൽ നാല് എണ്ണത്തിലും യുഡിഎഫ് ഭരണമുറപ്പിച്ചു. എൽഡിഎഫിന്റെ അപ്രമാദിത്വം തകർത്തെറിഞ്ഞു കൊണ്ട് കൊല്ലത്തും കൊച്ചിയിലും തൃശ്ശൂരിലും ഭരണം പിടിച്ചപ്പോൾ കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തി. തിരുവനന്തപുരത്ത് എൻഡിഎ ഭരണം ഉറപ്പിച്ചു. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് എൽഡിഎഫിന് ആശ്വാസ ജയം ലഭിച്ചത്

86 മുൻസിപ്പാലിറ്റികളിൽ 54 എണ്ണവും യുഡിഎഫിനൊപ്പമായി. 28 എണ്ണത്തിൽ മാത്രമാണ് എൽഡിഎഫിന് ഭരണം പിടിക്കാനായത്. എൻഡിഎ രണ്ട് മുൻസിപ്പാലിറ്റികളിൽ മുന്നിട്ട് നിൽക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളും യുഡിഎഫിനെ കൈപിടിക്കുകയായിരുന്നു. 941 ഗ്രാമ പഞ്ചായത്തുകളിൽ 504 എണ്ണത്തിലും യുഡിഎഫിന്റെ തേരോട്ടമാണ്. 341 ഇടത്ത് എൽഡിഎഫും 26 ഇടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുമ്പോൾ 64 ഇടത്ത് ഒപ്പത്തിനൊപ്പം തുടരുകയാണ്

14 ജില്ലാ പഞ്ചായത്തുകളിൽ ഏഴും യുഡിഎഫിനൊപ്പമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലാ പഞ്ചായത്തുകളിലാണ് യുഡിഎഫ് നേട്ടമുണ്ടാക്കിയത്. മറ്റ് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും ഭരണമുറപ്പിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 79 എണ്ണവും യുഡിഎഫിനൊപ്പമാണ്.