ഇന്ധന സെസ്: പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, നാല് എംഎൽഎമാരുടെ സത്യാഗ്രഹം തുടരുന്നു
 

 

ഇന്ധന സെസ് പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. നിയമസഭയിലേക്ക് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് നടന്നു പ്രതിഷേധിക്കും. രാവിലെ എംഎൽഎ ഹോസ്റ്റലിൽ നിന്ന് നടന്നു കൊണ്ടായിരിക്കും യുഡിഎഫ് എംഎൽഎമാർ സഭയിൽ എത്തുക.

സഭക്ക് അകത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭാ കവാടത്തിൽ നാല് പ്രതിപക്ഷ എം എൽ എമാർ നടത്തുന്ന സത്യഗ്രഹ പ്രതിഷേധവും തുടരുകയാണ്. 13 ആം തീയതി സെക്രട്ടറിയേറ്റിന് മുന്നിലും കലക്ടറേറ്റുകൾക്ക് മുന്നിലും യു ഡി എഫ് രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി യോഗം ചേർന്ന് തുടർ സമര പരിപാടികൾക്കും രൂപം നൽകും.