അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ജി സുധാകരനുണ്ട്; ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് എകെ ബാലൻ
അവഗണിക്കപ്പെടുന്നെന്ന തോന്നൽ ജി സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും എ കെ ബാലൻ. വിമർശനം ഉന്നയിക്കുമ്പോൾ, ജി സുധാകരനും പാർട്ടി അച്ചടക്കം പാലിക്കണമെന്നും എ കെ ബാലൻ പറഞ്ഞു. ജി സുധാകരന്റെ എല്ലാ ഗുണങ്ങളെ സംബന്ധിച്ചും നല്ല ഭാഷയിലാണ് ഏഴുതിയത്. തെറ്റായ യാതൊരു പരാമർശവും അദ്ദേഹത്തിനെതിരെയില്ല.
എസ്എഫ്ഐയിലുള്ള സമയത്ത് അദ്ദേഹത്തിന്റെ സംഘടനാ തലത്തിലുള്ള കഴിയും ബൗദ്ധിക തലത്തിലുള്ള കഴിവും തിരിച്ചറിഞ്ഞയാളാണ് ഞാൻ. അദ്ദേഹത്തിന് ഉള്ളൊരു പ്രശ്നമുണ്ട്. അത് പരിശോധിക്കപ്പെടേണ്ടതാണ്. അവഗണിക്കപ്പെടുന്നു എന്ന ഒരു ധാരണ അദ്ദേഹത്തിന് ഉണ്ട്. അതിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവർ പരിശോധിക്കണം.
അവഗണിക്കപ്പെടുന്നു എന്നുള്ളൊരു മാനസികാവസ്ഥയിൽ നിന്നുകൊണ്ട് അദ്ദേഹം സംസാരിക്കുമ്പോൾ പാർട്ടിയുടേതായ അന്തസിന് നിരക്കാത്ത, അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പോകാൻ പാടില്ല. എന്ത് സാഹചര്യമുണ്ടായാലും നമ്മൾ അതിന് വിടാൻ പാടില്ല. അദ്ദേഹത്തിൽ നിന്നാണ് പുതിയ തലമുറ പലതും പഠിച്ചത്. ആ അർഥത്തിൽ അദ്ദേഹം ഒരു അധ്യാപകനാണ്. പാഠമാകേണ്ട ഒരാളിൽ നിന്ന് വഴിവിട്ടു പോകുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ പാടില്ല. രണ്ട് ഭാഗവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും എകെ ബാലൻ പറഞ്ഞു