{"vars":{"id": "89527:4990"}}

ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
 

 

ആഗോള അയ്യപ്പ സംഗമം ഇന്ന്. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിട്ടുണ്ട്. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്

തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധികൾ അടക്കം 3500 പേർ സംഗമത്തിൽ പങ്കെടുക്കും. രജിസ്റ്റർ ചെയ്തവർക്ക് പാസ് മുഖേനയാണ് പ്രവേശനം. രാവിലെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർഥനയോടെ പരിപാടി ആരഭിക്കും. ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് സ്വാഗതം പറയും

മൂന്ന് സെഷനുകളിലായി സെമിനാറുകൾ നടക്കും. ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെ കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.