ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയ്ക്ക് തുടക്കമായി; സ്ട്രീറ്റ് പദ്ധതി ആഗോള തലത്തിൽ മാതൃകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 

കോട്ടയം: കേരളത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തിൽ നാഴികകല്ലാണ് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി എന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്ത് ആഗോള നേതാവാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാനത്ത് നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതി ആഗോള തലത്തിൽ തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനുമുള്ള തീരുമാനം സര്‍ക്കാരെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ആതിഥേയ യൂണിറ്റുകളിലും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനവും കഠിനാധ്വാനവുമാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഉത്തരവാദിത്ത ടൂറിസം മിഷനെ എത്തിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചുള്ള വീഡിയോ പ്രകാശനം അഡി. ചീഫ് സെക്രട്ടറി വി.വേണു നിര്‍വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മുന്നേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം ഡയറക്റ്റര്‍ പി.ബി നൂഹ് അവതരിപ്പിച്ചു. ഉച്ചകോടിയുടെ ബ്രോഷര്‍ ജില്ലാ കലക്റ്റര്‍ ഡോ. പി.കെ ജയശ്രീ പുറത്തിറക്കി.

ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജന്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ മനോഹരന്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍, ഐക്യരാഷ്ട്രസഭ വിമന്‍ ഇന്ത്യാ മേധാവി സൂസന്‍ ഫെര്‍ഗൂസന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം ഏബ്രഹാം ജോര്‍ജ്, ടൂറിസം സംഘടനാ പ്രതിനിധികള്‍, ടൂറിസം വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 70 പ്രഭാഷകരും 280 പ്രതിനിധികളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടി ഫെബ്രുവരി 28 ന് സമാപിക്കും.