വൈറ്റില മേൽപ്പാലത്തിൽ ചരക്ക് ലോറി കൈവരിയിലേക്ക് ഇടിച്ചുകയറി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ വൈറ്റില മേൽപ്പാലത്തിൽ പുലർച്ചെ ചരക്ക് ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലും കൈവരിയിലുമിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേക്ക് പൈപ്പുകളുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ലോറിയിൽ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടപ്പള്ളി ഭാഗത്തുനിന്ന് വന്ന ലോറി മേൽപ്പാലം തുടങ്ങുന്ന ഭാഗത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ഒരു ഭാഗം പാലത്തിന് പുറത്തേക്ക് ചരിഞ്ഞുനിൽക്കുന്ന അവസ്ഥയിലായി. പൈപ്പുകൾ പൂർണ്ണമായി ലോഡ് ചെയ്ത വാഹനമായതിനാൽ ഇത് ഏതുസമയത്തും താഴേക്ക് മറിഞ്ഞുവീഴാവുന്ന രീതിയിൽ വലിയ അപകടഭീഷണി ഉയർത്തിയിരുന്നു. തുടർന്ന് ഹൈവേ പൊലീസും അധികൃതരും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ ലോറി ഇവിടെ നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് പരാതി
ദേശീയപാത അതോറിറ്റിയുടെ കടുത്ത അനാസ്ഥയാണ് ഇവിടെ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പാലം തുടങ്ങുന്ന ഭാഗത്ത് കൃത്യമായ സിഗ്നൽ ബോർഡുകളോ റിഫ്ലക്ടറുകളോ (ശ്രദ്ധയിൽപ്പെടാൻ സഹായിക്കുന്ന സ്റ്റിക്കറുകൾ) സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വൈറ്റില ഹബ്ബിലേക്ക് പോകാനുള്ള സർവീസ് റോഡും മേൽപ്പാലത്തിലേക്ക് കയറാനുള്ള പ്രധാന റോഡും തിരിയുന്ന ഭാഗം കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രധാന വില്ലനാകുന്നത്. വെളിച്ചക്കുറവ് കാരണം റോഡ് തിരിയുന്നത് മനസ്സിലാക്കാൻ കഴിയാതെ വന്നതോടെയാണ് വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതെന്ന് ലോറി ഡ്രൈവറും വ്യക്തമാക്കി. മുൻപും പലതവണ ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.