{"vars":{"id": "89527:4990"}}

തലസ്ഥാനത്തെ ആഡംബര ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ ഗുണ്ടകളുടെ തമ്മിലടി; സ്വമേധയാ കേസെടുത്ത് പോലീസ്
 

 

തിരുവനന്തപുരത്തെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. ഹോട്ടലിനുള്ളിലും നടുറോഡിലും കൂട്ടിയിടി നടന്നിട്ടും ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു

പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ മുകൾഭാഗം ഡിജെ പാർട്ടിക്കായി വിട്ടുനൽകാറുണ്ട്. ആദ്യം രണ്ട് കോളേജിലെ വിദ്യാർഥികളായിരുന്നു ഏറ്റുമുട്ടിയത്. പിന്നാലെ പാർട്ടിയിൽ പങ്കെടുത്ത ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. 

ഒരു യുവാവിനെ പത്ത് പേർ സംഘം ചേർന്ന് മർദിച്ചു. പരുക്കേറ്റ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പോലീസിനെ ആദ്യം വിവരം അറിയിച്ചെങ്കിലും പിന്നീട് കേസുമായി മുന്നോട്ടു പോകാനില്ലെന്ന് ഇയാൾ പറഞ്ഞു. ഡിജെ സംഘാടകരോ ഹോട്ടൽ അധികൃതരോ പരാതി നൽകാനും തയ്യാറായില്ല. പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് കേസെടുത്തത്.