{"vars":{"id": "89527:4990"}}

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം
 

 

തിരുവനന്തപുരം ആറ്റിങ്ങലിൽ ദേശീയപാതയിൽ തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. സർവേ വകുപ്പിൽ ഓവർസിയർ ആയ കല്ലമ്പളം തോട്ടയ്ക്കാട് സ്വദേശി മീനയാണ്(41) മരിച്ചത്. കാറിലുണ്ടായിരുന്ന മകൻ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യൂ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

ഇന്ന് രാവിലെ ആറ് മണിയോടെ മകനെ ട്യൂഷന് വിടാൻ പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ കാറിൽ ലോറി ഇടിക്കുകയായിരുന്നു. ഇരുവരും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് വെച്ച് തിരിക്കുമ്പോൾ അതേ ദിശയിൽ പിന്നാലെ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ഡെലിവറി വാൻ കാറിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ മീനയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീനക്ക് ഒമ്പത് വയസ്സുള്ള മകൾ കൂടിയുണ്ട്.