മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ശശികുമാർ കണ്ടിട്ടുണ്ടോ; പരാതിക്കാരനെതിരെ ലോകായുക്ത
 

 

മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ പരാതിക്കാരനെതിരെ ലോകായുക്ത. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹർജിക്കാരനായ ആർ. എസ് ശശികുമാർ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹർജിക്കാരൻ പെരുമാറുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും കോടതി ചോദിച്ചു.കേസിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 

ലോകായുക്ത റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ തന്നെ ഹർജിക്കാരന് നേരെ വിമർശനം ഉന്നയിച്ചാണ് തുടങ്ങിയത്. കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ ചാനലിൽ പറയുന്നതും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും അസാധാരണം. ആൾക്കൂട്ട അധിക്ഷേപം നടത്താനാണ് ശ്രമമെന്നും ലോകായുക്ത വിമർശനം ഉന്നയിച്ചു. 

മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപ ലോകായുക്ത ചോദിച്ചു. ചെയ്യുന്നതൊക്കെ ശരിയാണോ എന്ന് ആത്മ പരിശോധന നടത്തണമെന്നും വാദി ഭാഗത്തോട് അവർ ചോദിച്ചു. വഴിയിൽ പേപ്പട്ടിയെ കണ്ടാൽ വായിൽ കോലിട്ട് കുത്തില്ല, ഒഴിഞ്ഞു പോകാതെ മറ്റൊരു മാർഗമില്ല എന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരാമർശം നടത്തിയത്. അതിനാൽ ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയുന്നില്ല എന്ന് അവർ വ്യക്തമാക്കി. റിവ്യൂ ഹർജി നാളെ ഉച്ചക്ക് പരിഗണിക്കും.