ഹാത്രാസും വാളയാറും തമ്മിൽ വ്യത്യാസമില്ല; രണ്ടിടത്തും ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല

ഹത്രാസും വാളയാറും തമ്മിൽ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടിടത്തും ഭരണകൂട ഭീകരതയാണ് നടക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ചതിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ സർവീസിലുണ്ടാവില്ലെന്നും
 

ഹത്രാസും വാളയാറും തമ്മിൽ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടിടത്തും ഭരണകൂട ഭീകരതയാണ് നടക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ചതിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ സർവീസിലുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു. വാളയാർ കേസിൽ നീതി തേടി പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല

നീതിക്കുവേണ്ടി അമ്മ നടത്തുന്ന പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സർക്കാർ ഇതുപോലെ ക്രൂരത കാട്ടാൻ പാടില്ല. എത്ര തവണ നിയമസഭയിൽ വിഷയം ഉന്നയിച്ചു. കണ്ണുതുറക്കാത്ത ഒരു സർക്കാർ അധികാരത്തിലിരിക്കുന്നു. ഹത്രാസും വാളയാറും തമ്മിൽ വ്യത്യാസമില്ല. രണ്ടും ഭരണകൂട ഭീകരതയാണ്. ഇതിൽ കേരള സമൂഹം കണ്ണുതുറക്കണം.

ജില്ലയുടെ ചുമതല കൂടിയുള്ള പട്ടികജാതി വകുപ്പ്മന്ത്രി തൊട്ടടുത്ത സ്ഥലത്തുവരെ എത്തിയിട്ടും ഇവിടം സന്ദർശിക്കാൻ തയ്യാറായില്ല. എന്തിനു വേണ്ടിയുള്ള സമരമാണ് എന്നാണ് മന്ത്രി ചോദിക്കുന്നത്. ഇത് അപമാനമാണ്. കുടുംബത്തിന് നീതി കിട്ടണം. അതിനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒപ്പമുണ്ട്. പോക്സോ കേസുകൾ ഇവിടെ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.