ദൈവനാമത്തിലല്ലാതെ സത്യപ്രതിജ്ഞ ചൊല്ലി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരെ ഹൈക്കോടതി അയോഗ്യരാക്കി; ബിജെപിക്ക് കനത്ത തിരിച്ചടി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ 20 കൗൺസിലർമാരെ അയോഗ്യരാക്കിക്കൊണ്ട് ഹൈക്കോടതിയുടെ നിർണായക വിധി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നിയമപ്രകാരമുള്ള നിശ്ചിത മാതൃക ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത നടപടി ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ ഈ അപ്രതീക്ഷിത വിധി തലസ്ഥാന നഗരസഭയിലെ ബിജെപി ഭരണത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കേരള മുൻസിപ്പാലിറ്റി ആക്ട് മൂന്നാം ഷെഡ്യൂൾ പ്രകാരം 'ദൈവനാമത്തിലോ' അല്ലെങ്കിൽ 'ദൃഢപ്രതിജ്ഞയോ' മാത്രമേ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കാവൂ എന്ന നിയമം നിലനിൽക്കെ, കൗൺസിലർമാർ വിവിധ ദേവീദേവന്മാരുടെയും വ്യക്തികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ശ്രീപത്മനാഭൻ, ഭാരതാംബ, ഗുരുദേവൻ എന്നിവരുടെ പേരുകളിലും പാർട്ടി രക്തസാക്ഷികളുടെ പേരുകളിലുമാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചൊല്ലിയിരുന്നത്.
നിയമപരമായ മാതൃക ലംഘിച്ചുള്ള സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പാർലമെന്ററി പാർട്ടി നേതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിപരമായ ദൈവവിശ്വാസങ്ങൾ മാനിക്കപ്പെടുമ്പോഴും, ഭരണഘടനാപരവും നിയമപരവുമായ പദവികൾ ഏറ്റെടുക്കുമ്പോൾ നിശ്ചിത ചട്ടക്കൂട് പാലിക്കപ്പെടണമെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി.
കേവല ഭൂരിപക്ഷത്തിന്റെ നേരിയ വ്യത്യാസത്തിൽ നഗരസഭാ ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഈ വിധി വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം.
ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ
ചെമ്പഴന്തി ഉദയൻ : ഗുരുദേവ നാമത്തിൽ
ആർ.സുഗതൻ: ഗുരുദേവ നാമത്തിൽ
വിഷ്‌ണു മോഹൻ: ശ്രീ ഉദയനൂർ ദേവിയുടെ നാമത്തിൽ
വി.എസ് സൂര്യ: കാവിലമ്മയുടെ നാമത്തിൽ
എസ്.കെ ശ്രീദേവി: ഭാഗവത് നാമത്തിൽ
പാപ്പിനംകോട് സജി: ശ്രീ പത്മനാഭ സ്വാമിയുടെ നാമത്തിൽ
ആർ.സി ബീന: ശ്രീ പത്മനാഭ സ്വാമിയുടെ നാമത്തിൽ
ജി.എസ് ആശാനാഥ്: ഭാരതാംബയുടെ നാമത്തിൽ
വയൽക്കര രതീഷ്: എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ
ആർ.വിനോദ്: ഭാരതാംബയുടെ നാമത്തിൽ
ഗോപകുമാർ: തിരുവല്ലം പരശുരാമൻ്റെ നാമത്തിൽ
എസ്.എസ് ശ്രുതി: ആറ്റുകാൽ അമ്മയുടെ നാമത്തിൽ
വി.ഗിരി: ശ്രീ ഇരുംകുളങ്ങര ദുർഗാ ഭഗവതിയുടെ നാമത്തിൽ
പി.ശാന്ത: ശ്രീ പത്മനാഭൻ്റെ നാമത്തിൽ
ഹരികുമാർ: ശ്രീ പത്മനാഭ സ്വാമിയുടെ നാമത്തിൽ
ദീപ എസ് നായർ: പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിൻ്റെയും നാമത്തിൽ
ഒ.സുകന്യ: ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ
ജയ രാജീവ്:അയ്യപ്പ നാമത്തിൽ
എസ്.എസ് സുനിൽ: കാര്യവട്ടം ശ്രീ ധർമ ശാസ്‌താവിൻ്റെ നാമത്തിൽ
അഡ്വ പി.എസ് മിനി: ഗുരുദേവ നാമത്തിലും പ്രസ്ഥാനത്തിനായി ബലിദാനിയായവരുടെ നാമത്തിലും