{"vars":{"id": "89527:4990"}}

ജനങ്ങളെ ഇനിയും പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് തുടരും
 

 

ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. 

എന്നാൽ ഇനിയും ജനങ്ങളെ പരീക്ഷിക്കരുതെന്നായിരുന്നു കോടതിയുടെ മറുപടി. നേരത്തെ കലക്ടറുടെ റിപ്പോർട്ട് ഹൈക്കോടതി തേടിയിരുന്നു. റോഡിലെ 18 ഇടങ്ങളിലാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നത്. ഇതിൽ 13 ഇടങ്ങളിലെ പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിച്ചെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് പോലും പൂർണമല്ലെന്നാണ് കോടതി പറഞ്ഞത്. തുടർന്ന് അന്തിമ വിധി പറയാൻ കേസ് വീണ്ടും മാറ്റുകയായിരുന്നു. 

ഇന്നുച്ചയ്ക്കകം പുതിയ റിപ്പോർട്ട് നൽകാമോ എന്ന് കോടതി ചോദിച്ചെങ്കിലും കൂടുതൽ സമയം വേണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് സമയമെടുത്തോളൂ എന്നും പൂർണ റിപ്പോർട്ട് വന്നതിന് ശേഷം ടോൾ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞത്.