പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; ഒമ്പതാം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Dec 16, 2025, 12:38 IST
കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി പ്രജ്വലാണ്(14) മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര-അനിത ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം
മാതാവ് അനിത മുള്ളേരിയ സ്‌കൂളിൽ പഠിക്കുന്ന മകളെ കൂട്ടാൻ പോയി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ച പ്രജ്വൽ അമ്മയുടെ വീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷ എഴുതാൻ സ്‌കൂളിൽ പോയത്
പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് കുട്ടി സ്‌കൂളിലെത്തിയത്. വൈകിയെത്തിയിട്ടും കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നതായി അധ്യാപകർ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് കുട്ടി തൂങ്ങിയത്.