{"vars":{"id": "89527:4990"}}

രാഷ്ട്രീയ മര്യാദ കാണിച്ചില്ല; കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയും: വികെ പ്രശാന്ത്

 

തിരുവനന്തപുരം ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്കുനേർ. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടു. അതേസമയം കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത്. 

രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. സമാന്യമര്യാദ കണിച്ചില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. സു​ഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂ​ഹം ചിന്തിക്കണമെന്ന് വികെ പ്രശാന്ത് കൂട്ടിച്ചേർത്തു.

ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷൻറെ കെട്ടിടത്തിലാണ് പ്രശാന്തിൻറെ ഓഫീസ് പ്രവർത്തിക്കുന്നത്. തൻറെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആർ ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമായിരുന്നു എംഎൽഎ നേരത്തെ മറുപടി നൽ‌കിയിരുന്നത്.

കൗൺസിൽ തീരുമാന പ്രകാരമാണ് പ്രശാന്തിൻറെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപ്പറേഷൻറെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.