ശക്തമായ മഴ; അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക്, താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. അതേസമയം താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം.
പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.