സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 13, 2025, 09:18 IST
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം അഞ്ചര മുതൽ ഒക്ടോബർ 16ന് രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ 0.8 മീറ്റർ മുതൽ 1.1 മീറ്റർ വരെയും ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.