തിരുവനന്തപുരത്ത് കനത്ത മഴ: പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അതേസമയം വൈകി പ്രഖ്യാപിച്ച അവധി വിദ്യാർഥികളെ കുഴക്കിയിട്ടുണ്ട്.
രാത്രി മുഴുവൻ കനത്ത മഴയുണ്ടായിരുന്നിട്ടും അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ വിദ്യാഭ്യാസ മന്ത്രിയുമായി കലക്ടർ സംസാരിച്ചതിന് ശേഷമാണ് അവധി പ്രഖ്യാപിച്ചത്. അതിരാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പുറപ്പെടുന്ന വിദ്യാർഥികൾ അപ്പോഴേക്കും വീടുകളിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.