കനത്ത മഴ: ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിയന്ത്രണം
ഇടുക്കി: സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെത്തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഇന്ന് മുതൽ മലയോര മേഖലകളിൽ വൈകീട്ട് 7 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകട സാധ്യതകൾ മുന്നിൽക്കണ്ടാണ് ഈ മുൻകരുതൽ നടപടി. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് രാത്രികാല യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നിരോധനം കൃത്യമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവി, ആർ.ടി.ഓ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പൊതുജനങ്ങൾ മലയോര പാതകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.