{"vars":{"id": "89527:4990"}}

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മലയോരത്ത് ജാഗ്രത

 

മഴ കനത്തതോടെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ നാശം. ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.

മഴക്കെടുതിയിൽ ഏഴ് ജീവനുകളാണ് ഇന്നലെ നഷ്ടമായത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. മലപ്പുറത്തുതന്നെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും മരിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കും. വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം ഉറപ്പാക്കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം

വയനാട്ടിൽ നേരിയ മഴയ്ക്ക് ശമനം. വെള്ളം കയറിയ ഇടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലക്കിടിയിൽ 279 മില്ലിമീറ്റർ മഴ പെയ്തതു. സമീപസ്ഥലങ്ങളിലും കാര്യമായ മഴ ലഭിച്ചു. വയനാട് ചുരത്തിലെ നിയന്ത്രണം ഒഴിവാക്കി. പാൽ ചുരത്തിലും വാഹനങ്ങൾ ഓടുന്നു. മൂന്നു താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 169 കുടുംബങ്ങളിലെ 461 പേരെ മാറ്റി.

റാന്നിക്കായി സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായ പദ്ധതി പ്രഖ്യാപിക്കണം

പ്രളയദുരന്തം ആവർത്തിച്ച റാന്നിക്കായി സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് മുൻ എംഎൽഎ അഡ്വ.പ്രമോദ് നാരായണൻ. ആവർത്തിക്കുന്ന പ്രളയത്തിന് ശാശ്വത പരിഹാരത്തിനായി കേന്ദ്രത്തിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കണം. വ്യാപാരികൾക്കും മറ്റുള്ളവർക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കി സമയബന്ധിതമായി നഷ്ടപരിഹാരം നൽകണം. വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ പകർച്ചവ്യാധി തടയുന്നതിന് ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്നും പ്രമോദ് നാരായണൻ പറഞ്ഞു.