ഡാമുകളിലേക്ക് കനത്ത നീരൊഴുക്ക്; സംഭരണികളിൽ 5 വർഷത്തിനിടയിൽ ഒറ്റദിവസം ലഭിക്കുന്ന ഉയർന്ന നീരൊഴുക്ക്
സീതത്തോട് (പത്തനംതിട്ട): സംസ്ഥാനത്തെ കെ.എസ്.ഇ.ബി. സംഭരണികളിലേക്ക് ഞായറാഴ്ചയുണ്ടായത് അഞ്ച് വർഷത്തിനിടയിൽ ഒറ്റദിവസത്തെ ഏറ്റവുമുയർന്ന നീരൊഴുക്ക്. 147.599 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒരുദിവസം മാത്രം കിട്ടിയത്. ഇതോടെ സംഭരണികളിലെ ആകെ ജലനിരപ്പ് 43 ശതമാനമായി ഉയർന്നു.
കഴിഞ്ഞ മൂന്നുദിവസവും കനത്ത നീരൊഴുക്കാണ് ഉണ്ടായത്. മൂന്നുദിവസം കൊണ്ട് 11 ശതമാനം ജലനിരപ്പ് സംഭരണികളിൽ കൂടി. പദ്ധതിമേഖലയിൽ മഴയുടെ ശക്തി നേരിയതോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഏതാനുംദിവസങ്ങൾകൂടി നീരൊഴുക്ക് ശക്തമായി തുടരാനാണ് സാധ്യത.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിൽ 46 ശതമാനവുമാണ് തിങ്കളാഴ്‌ചത്തെ ജലനിരപ്പ്. ശബരിഗിരി പദ്ധതിപ്രദേശത്ത് കഴിഞ്ഞദിവസം 125 മില്ലീമീറ്റർ മഴ ലഭിച്ചു. ശബരിഗിരിയിലെ പമ്പാഡാം പ്രദേശത്ത് 94 മില്ലീമീറ്റർ മഴപെയ്തു.
സംസ്ഥാനത്തെ സംഭരണികളിലെല്ലാം കൂടി 1762.335 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണിപ്പോഴുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 3127.13 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബോർഡിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സ്ഥിതി ആശങ്കാജനകമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തോളം വെള്ളം ഇപ്പോഴും കുറവാണ്.
ഒരാഴ്‌ച മുമ്പുവരെ സംഭരണികളിൽ വേണ്ടത്ര വെള്ളമില്ലാത്തതിനാൽ ഉത്പാദനം പ്രതിസന്ധിയിലായിരുന്നു. വലിയ പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും പരമാവധി വെള്ളം സംഭരിച്ചുകൊണ്ട് ചെറുകിട പദ്ധതികളിൽനിന്ന് പരമാവധി ഉത്പാദനം നടത്തുകയാണ് വൈദ്യുതിബോർഡ്.
ഇടുക്കിയിൽ വെറും 1.869 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 0.10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുമാണ് ഞായറാഴ്ച ഉത്പാദിപ്പിച്ചത്. കുറ്റ്യാടി പദ്ധതിയിൽനിന്നാണ് ഞായറാഴ്ച ഏറ്റവുംകൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്. 4.6831 ദശലക്ഷം യൂണിറ്റ്. മഴ വ്യാപകമായതോടെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്.