ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നിയന്ത്രിക്കാൻ കേന്ദ്രസേനയില്ല, ദർശനം നടത്താതെ ഭക്തർ മടങ്ങി
നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാത്തത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് എൻഡിആർഎഫ്, ആർഎഎഫ് സേനകളെ നിയോഗിക്കുന്ന പതിവ് കേന്ദ്രം ഇത്തവണ തെറ്റിച്ചു. മുന്നൊരുക്കങ്ങളുടെ അപര്യാപ്തതയെ തുടർന്നാണ് തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു
തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. പമ്പയിലേക്കുള്ള ഭക്തരുടെ വരവ് നിയന്ത്രിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും
മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ഇന്ന് രണ്ട് മണി വരെ ദർശനം നീട്ടിയിരുന്നു. പോലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാംപടിക്ക് മുന്നിൽ സ്ഥാപിച്ച ബാരിക്കേടും തീർഥാടകർ മറികടക്കുന്ന സ്ഥിതിയുണ്ടായി
കേന്ദ്രസേനകളെ ശബരിമയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ കേന്ദ്രം നടപടി എടുത്തിട്ടില്ല. ശബരിമല ദർശനം ലഭിക്കാതെ നിരവധി ഭക്തർ ഇന്ന് രാവിലെ മുതൽ പന്തളം വലിയ കോയിക്കൽ ക്ഷേത്ര ത്തിൽ എത്തി ദർശനം നടത്തി. പിന്നീട് ഇവർ മാല ഊരി മടങ്ങുകയായിരുന്നു