എനിക്ക് എകെ ബാലനെ പോലെ മാറാൻ കഴിയില്ല; സൂക്ഷിച്ച് സംസാരിച്ചാൽ സജി ചെറിയാന് കൊള്ളാം: ജി സുധാകരൻ
സിപിഎമ്മിനെ കുരുക്കിലാക്കി മുതിർന്ന നേതാവ് ജി സുധാകരൻ വീണ്ടും രംഗത്ത്. മൂന്നാം പിണറായി സർക്കാർ വരണമെങ്കിൽ ഭൂരിപക്ഷം വേണ്ടേയെന്ന് ജി സുധാകരൻ ചോദിച്ചു. അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണ്. എ കെ ബാലൻ വന്ന് പ്രചാരണം നടത്തുമോയെന്നും ജി സുധാകരൻ ചോദിച്ചു
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കം പൊട്ടിച്ച് ടീ പാർട്ടി നടത്തിയവരിൽ സജി ചെറിയാനുമുണ്ട്. സജി ചെറിയാൻ സൂക്ഷിച്ച് സംസാരിച്ചാൽ കൊള്ളാം. ഞാൻ പാർട്ടിയോട് ചേർന്നല്ല പോകുന്നത്, പാർട്ടിക്കുള്ളിലാണ് നിൽക്കുന്നത്. അത് തന്നെ സജി ചെറിയാന് പറയാൻ അറിയില്ല
മാർക്‌സിസ്റ്റ് ശൈലിയിൽ സംസാരിക്കാൻ ഈ ഉന്നതമായ സ്ഥാനത്ത് എത്തിയിട്ടും സജി ചെറിയാന് സാധിക്കുന്നില്ല. പാർട്ടിക്ക് യോജിക്കാത്ത രീതിയിൽ പലപ്പോഴും സംസാരിച്ചയാളാണ് സജി ചെറിയാൻ. ഇടയ്ക്ക് കുറച്ച് കാലം മന്ത്രിസഭയിൽ നിന്ന് മാറ്റി. അങ്ങനെയുള്ള ആളാണ് എന്നെ ഉപദേശിക്കാൻ വരുന്നത്.
എകെ ബാലനെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി എന്നല്ല, എടുത്തിട്ടില്ല എന്ന് പറയണം. ബാലൻ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലൻ മാറിക്കോളൂ, എനിക്ക് ബാലനെ പോലെ മാറാൻ കഴിയില്ലെന്നും ജി സുധാകരൻ തുറന്നടിച്ചു.