{"vars":{"id": "89527:4990"}}

ഭയം കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ല; എൻകൗണ്ടർ ചെയ്തേക്കാം: മധ്യപ്രദേശ് പൊലീസിനെതിരെ കുംഭമേള വൈറൽ താരം മൊണാലിസയും ഭർത്താവും

 

കൊച്ചി: മധ്യപ്രദേശ് പൊലീസ് തങ്ങളെ ഇപ്പോഴും വേട്ടയാടുകയാണെന്നും ജീവന് കടുത്ത ഭീഷണിയുണ്ടെന്നും കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസയും ഭർത്താവ് ഫർമാനും. തങ്ങളെ വധിക്കാൻ ആഹ്വാനം നടക്കുകയാണെന്നും പേടി കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ദമ്പതികൾ ആരോപിച്ചു.

​"മധ്യപ്രദേശിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകാനാണ് പൊലീസിന്റെ ശ്രമം. വെടിവെച്ചുകൊല്ലുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നു. ഒരു ഭീകരവാദിയെയാണ് വിവാഹം കഴിച്ചതെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത്രമാത്രം ദ്രോഹിക്കാൻ ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?"

മൊണാലിസ

​ഇരയായ തന്നെ പ്രതിയാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ഫർമാൻ ആരോപിച്ചു. തങ്ങളെ വ്യാജ ഏറ്റുമുട്ടലിൽ (Encounter) വധിക്കാൻ സാധ്യതയുണ്ടെന്നും, മൊണാലിസയെ കൊലപ്പെടുത്തിയ ശേഷം കുറ്റം തന്റെ തലയിൽ കെട്ടിവെക്കുമെന്ന ഭയമുണ്ടെന്നും ഫർമാൻ പറഞ്ഞു. ഈ വിവാഹത്തെ 'ലവ് ജിഹാദ്' ആയി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

​വിവാഹ ദിവസം വരെ മൊണാലിസയുടെ പിതാവ് തങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് സഹോദരന്റെ പേരിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി തനിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് വ്യാജ പരാതി നൽകുകയായിരുന്നുവെന്നും ഫർമാൻ വ്യക്തമാക്കുന്നു. നിലവിൽ തങ്ങൾക്ക് അനുകൂലമായി മുൻകൂർ ജാമ്യവും സംരക്ഷണ ഉത്തരവും ഉണ്ടായിട്ടും മധ്യപ്രദേശ് പൊലീസ് തങ്ങളെ പിടികൂടാൻ കേരളത്തിൽ വരെ എത്തിയതായും ഇരുവരും ആരോപിച്ചു.