മതതീവ്രവാദിയെന്നല്ല പറഞ്ഞത്; മുസ്ലിം ലീഗിനൊപ്പം നിന്ന കാലമുണ്ടായിരുന്നു: വെള്ളാപ്പള്ളി
മാധ്യമപ്രവർത്തകനെതിരായ അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രവമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞത്. മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്‌നമുണ്ടാക്കി.
എന്നെ പറയാൻ അനുവദിച്ചില്ല. തീവ്രവാദി എന്ന് ഞാൻ പറഞ്ഞു. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. ഞാൻ മതതീവ്രവാദിയെന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
പറഞ്ഞതിലൊന്നും മാറ്റമില്ല. മുസ്ലിം ലീഗിനൊപ്പം താൻ നിന്ന കാലമുണ്ടായിരുന്നു. യുഡിഎഫ് ഭരണം പിടിക്കുമ്പോൾ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയത്. ഒടുവിൽ ഭരണം കിട്ടിയപ്പോൾ ഒന്നും തന്നില്ല. ആർ ശങ്കർ അല്ലാതെ സമുദായത്തിന് വേണ്ടി യുഡിഎഫ് കാര്യമായി ഒന്നും തന്നില്ല. മുസ്ലീങ്ങൾക്ക് സംസ്ഥാനത്ത് 4100 സ്‌കൂളുകളുണ്ട്. ഈഴവന് മാത്രം 370 സ്‌കൂളുകളും. ഈ കുറവ് ചൂണ്ടിക്കാണിച്ചാൽ മുസ്ലിം വിരോധിയാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.