ഇടുക്കി വാഴത്തോപ്പിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
Nov 19, 2025, 10:37 IST
ഇടുക്കി വാഴത്തോപ്പിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്‌സൽ ബെൻ ആണ് മരിച്ചത്. സ്‌കൂൾ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്.
ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് പോകുമ്പോൾ ബസിന്റെ മുൻ വശത്തെ ടയറിനടിയിൽ അകപ്പെടുകയായിരുന്നു. ടയർ കുട്ടിയുടെ ദേഹത്തൂടെ കയറി ഇറങ്ങി.
ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചപ്പോഴാണ് ഡ്രൈവർ കുട്ടി ടയറിനടിയിൽപ്പെട്ട കാര്യം അറിയുന്നത്. ഉടൻ തന്നെ വാഹനം നിർത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.