{"vars":{"id": "89527:4990"}}

"വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ"; അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

 
കൊല്ലം: ഷാർജയിൽ ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അതുല്യയെ ഭർ‌ത്താവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അതുല്യയെ ഉപദ്രവിക്കുകയും കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. തന്‍റെ കൂടെ ജീവിക്കുവാണെങ്കില്‍ ജീവിക്കുമെന്നും അല്ലെങ്കില്‍ നീ എവിടെയും പോകില്ലെന്നും, വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ എന്ന് സതീഷ് പറയുന്നുണ്ട്. ക്വട്ടേഷൻ നൽകിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്‍റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട" എന്നാണ് അതുല്യയയോട് സതീഷ് പറയുന്നത്. സംഭവം സമയത്ത് സതീഷ് മദ്യപിച്ചിട്ടുണ്ട്. അതുല്യ തന്നെയാണ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് മനസിലാക്കിയ സതീഷ് അതുല്യയുടെ അടുത്തേക്ക് വരുന്നതും തുടർന്ന് ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതുല്യയ്ക്ക് നേരെ അസഭ്യ വർഷമാണ് സതീഷ് നടത്തുന്നത്. പത്ത് വർഷമായി ഈ പീഡനം സഹിക്കുന്നതെന്നും, ഇനി സാധിക്കില്ലെന്നും അതുല്യ പറയുന്നമ്പോൾ സതീഷ് വീണ്ടും ക്രൂരമായി ഉപദ്രവിക്കുകയും അതുല്യ അലറി കരയുന്നതും ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും. അതുല്യയുടെ കുടുംബമാണ് ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയത്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി ഉത്തരിവിട്ടു. ജൂലൈ 19നായിരുന്നു ഷാർജയിലെ ഫ്ലാറ്റിൽ അതുല‍്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്‍റെ പീഡനം മൂലമാണ് അതുല‍്യ ജീവനൊടുക്കിയതെന്ന് അതുല‍്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.