{"vars":{"id": "89527:4990"}}

യുഡിഎഫ് വന്നാൽ ലീഗായിരിക്കും മുഖ്യമന്ത്രി; മാറാട് ആവർത്തിക്കും: വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

 

ആലപ്പുഴ: കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് പറയേണ്ടത് കോണ്‍ഗ്രസ് ആണെന്നും ലീഗല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാറാട് ആവര്‍ത്തിക്കുമെന്നും എന്തൊക്കെ സംഭവിക്കുമെന്നും കാണാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വകുപ്പ് കൊടുക്കുന്നത് പോലും പാണക്കാട് തങ്ങള്‍ അല്ലെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയരുത്. യുഡിഎഫ് വന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. യുഡിഎഫ് വന്നാല്‍ ലീഗ് ആയിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു. എല്‍ഡിഎഫ് അണികള്‍ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ല. പത്ത് വര്‍ഷത്തെ ഭരണത്തിന്റെ ആലസ്യമാണ് ഉണ്ടായത്', വെള്ളാപ്പള്ളി പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം കണ്ടെന്നും സര്‍വേ എപ്പോഴും ശരിയാവണമെന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാര്‍ വരുമെന്ന് കരുതുന്നുവെന്നും മെയ് നാലിന് ശേഷം കൂടുതല്‍ പറയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാല് വരെ കാത്തിരിക്കാമെന്നും ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ലീഗിന്റെ വക്താവാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് വിചാരിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയിട്ടില്ലെന്നും അവരെ തൃപ്തിപ്പെടുത്താന്‍ കോശി റിപ്പോര്‍ട്ട് അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 'കാന്തപുരത്തിന് മെഡിക്കല്‍ കോളേജ് കൊടുത്തു. ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. ബഹുഭൂരിപക്ഷം വോട്ടും യുഡിഎഫിലേക്ക് പോയി. യുഡിഎഫ് അധികാരത്തില്‍ വരരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ശുദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പറ്റിയ അബദ്ധം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും എം വി ജയരാജന്‍ ഓഫീസില്‍ ഉണ്ടായിരുന്നപ്പോള്‍ അത് സാധാരണക്കാര്‍ക്ക് ഉപകാരമുള്ള സ്ഥലം ആയിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാര്‍ ഉള്‍പ്പെടെ തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പലതും അറിയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.