ജൂറി ചെയർമാന് അസൗകര്യം: സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.
മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.
നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. 128 ചിത്രങ്ങൾ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.