നികുതിയേതര വരുമാനങ്ങൾ കൂടി; ധനവിനിയോഗ മാനേജ്‌മെന്റ് നടത്തുന്നുണ്ട്: മറുപടിയുമായി ധനമന്ത്രി
സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ധനമന്ത്രിയായത് കൊണ്ട് തന്റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ കാണുന്നതെന്ന ചോദ്യത്തോടെയാണ് കെഎൻ ബാലഗോപാൽ മറുപടി ആരംഭിച്ചത്. നികുതിയേതര വരുമാനങ്ങൾ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോൾ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു
ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധനവിനിയോഗ മാനേജ്‌മെന്റ് നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കേരളത്തിൽ ഇതുപോലൊരു ഓണം മുമ്പ് ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി വന്നിട്ടും ഒന്നും നിന്നു പോകുന്നില്ല.
ഏതെങ്കിലും കോൺട്രാക്ടർമാർക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോഴുണ്ടോ. കോൺട്രാക്ടർമാർക്ക് പണം നൽകുന്നതിന് തടസ്സമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പണം നൽകുന്നില്ല എന്നാണ് ആക്ഷേപം. പണം നൽകുന്നതിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ പണം കൊടുത്തിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.