അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയേക്കുമെന്ന് സൂചന; പോലീസിന് ജാഗ്രതാ നിർദേശം
 

 

ഒന്നര ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ മയക്കുവെടി വെച്ച അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാകും അരിക്കൊമ്പനെ മാറ്റുക. 

ഇതിനിടെ ആനയെ മയക്കുവെടി വെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ് പി പോലീസിന് നിർദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പോലീസ് സ്‌റ്റേഷനുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിൽ എത്തിച്ചാണ് അരിക്കൊമ്പനെ വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫോറൻസിക് സർജൻ ഡോ. അരുൺ സക്കറിയ വെടിവെച്ചത്.