പയ്യന്നൂരിൽ കുഞ്ഞ് മരിച്ച സംഭവം; അനസ്തീസിയക്ക് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജൻ നിലച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: ഡോക്ടറെ ചോദ്യം ചെയ്ത് വിട്ടയച്ചു
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തീസിയ നൽകിയതിന് പിന്നാലെ ഒരു വയസുകാരൻ ദേവാൻഷ് ശൗര്യ മരണപ്പെട്ട സംഭവത്തിൽ നിർണായകമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീസിയ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തലച്ചോറിലേക്കുള്ള ഓക്സിജൻ നിലയ്ക്കുന്ന 'ഹൈപ്പോക്സിക് ഇസ്കെമിക് എൻസഫലോപ്പതി' (Hypoxic-Ischemic Encephalopathy) എന്ന ഗുരുതരാവസ്ഥയാണ് കുട്ടിക്ക് ഉണ്ടായത്. ഇതേത്തുടർന്ന് മസ്തിഷ്കത്തിന്റെ പ്രവർത്തനം പകുതിയിലേറെ അവതാളത്തിലാവുകയായിരുന്നു. ഇത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, കുഞ്ഞിന്റെ കീഴ്ചുണ്ടിലും താടിയിലുമായി ഉണ്ടായിരുന്ന ചെറിയ മുറിവുകളിൽ ശസ്ത്രക്രിയ നടത്തേണ്ട യാതൊരു കാര്യവുമില്ലായിരുന്നുവെന്നും ഇവ നേരത്തെ തന്നെ ഉണങ്ങിയിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കേസിൽ പ്രതിയായ അനസ്തീസിയ ഡോക്ടർ അഞ്ജലി പൊതുവാൾ പോലീസ് നിർദേശപ്രകാരം പയ്യന്നൂർ സ്റ്റേഷനിൽ ഹാജരായി. ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ചികിത്സാ പിഴവ് ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു. കുഞ്ഞിന്റെ മുറിവിന് തുന്നലിടാൻ അനസ്തീസിയ അനിവാര്യമായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ പോലീസ് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്ന് നിലവിൽ ചികിത്സാ രേഖകൾ പരിശോധിച്ചുവരികയാണ്. മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പോലീസിന്റെ തുടർന്നുള്ള നിയമനടപടികൾ.