അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; അമ്മൂമ്മയെ സംശയിച്ച് പോലീസ്
അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം
ഇവർ ഓവർഡോസ് മരുന്ന് കഴിച്ചതായി സംശയിക്കുന്നുണ്ട്. ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ആറ് മാസം പ്രായമുള്ള ഡെൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വീട്ടിൽ കുട്ടിയുടെ മാതാപിതാക്കളും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വന്ന് നോക്കിയപ്പോൾ കഴുത്തിൽ നിന്ന് ചോര വരുന്നതാണ് കണ്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.