ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി
Feb 15, 2025, 11:16 IST
നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ നർത്തകി സത്യഭാമക്കെതിരെ എസ് സി, എസ് ടി അട്രാസിറ്റി വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കി. പട്ടിക ജാതിക്കാരനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യഭാമ സംസാരിച്ചതെന്നും ആർഎൽവി രാമകൃഷ്ണനോട് സത്യഭാമക്ക് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ ജാതിയെ കുറിച്ച് അറിയില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും കുറ്റപത്രത്തിൽ പറയുന്നു കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്. യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നടൻ സിദ്ധാർഥ് അടക്കം കേസിൽ 20 സാക്ഷികളാണുള്ളത്. കന്റോൺമെന്റ് പോലീസ് തിരുവനന്തപുരം എസ് സി, എസ് ടി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും വ്യക്തിവിരോധത്തെ കുറിച്ച് സത്യഭാമയുടെ ശിഷ്യർ നൽകിയ മൊഴികളും കേസിൽ നിർണായകമായി. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാർഡ് ഡിസ്‌കും അഭിമുഖമടങ്ങിയ പെൻഡ്രൈവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.