അപേക്ഷ വൈകിയതിന്റെ പേരിൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ല; ഹൈക്കോടതി
അപേക്ഷ വൈകി എന്നതുകൊണ്ട് ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി അപേക്ഷ നൽകാൻ വൈകിയതിനാൽ ഇൻഷുറൻസ് തുക നൽകാനാവില്ലെന്ന ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഹർജിക്കാർ.
ജോലി ചെയ്യാൻ കഴിയാതെ വന്ന ദിവസ വേതന തൊഴിലാളിക്ക് നഷ്ട പരിഹാരം നിഷേധിക്കാനായി സാമ്പത്തികമായി ശക്തമായ കോർപ്പറേറ്റ് സ്ഥാപനം കോടതിയെ സമീപിച്ചതിനെതിരേയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു.
2021 മേയ് മാസത്തിൽ തെങ്ങിൽ നിന്ന് വീണ കോഴിക്കോട് സ്വദേശിക്ക് ഗുരുതര പരുക്കേറ്റിരുന്നു. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിൽ 75 ശതമാനത്തോളം വൈകല്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇൻഷുറൻസ് തുക ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സമയ പരിധി കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് കമ്പനി അപേക്ഷ തള്ളി. ഇതിനെതിരേ കോഴിക്കോട് സ്ഥിരം ലോക് അദാലത്തിൽ പരാതി നൽകിയിരുന്നു. ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ലോക് അദാലത്ത് 7.5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.
പിന്നാലെയാണ് ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അപകടം ഇൻഷുറൻസ് പരിരക്ഷയുള്ള കാലയളവിൽ തന്നെയാണുണ്ടായതെന്നും പരുക്ക് ഗുരുതരമാണെന്നും നിരീക്ഷിച്ച കോടതി കൃത്യമായ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.