രാജ്യാന്തര ചലചിത്ര മേളക്ക് ഇന്ന് സമാപനം; സംവിധായകൻ സയിദ് മിർസയെ ആദരിക്കും
കേന്ദ്രസർക്കാരിന്റെ സിനിമാ നിരോധനമടക്കം ചർച്ചയായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും.
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദേ റഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയും സമാപന ചടങ്ങിൽ പങ്കെടുക്കും. ചലചിത്ര മേള നടക്കുമ്പോൾ അക്കാദമി ചെയർമാൻ സ്ഥലത്തില്ലാത്തത് നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു.
അതേസമയം, 6 സിനിമകൾക്കുള്ള നിരോധനം മേളയിൽ തുടരും. കേന്ദ്രം വിലക്കിയ സിനിമകളുടെയും പ്രദർശനം അവസാന ദിവസവും ഉണ്ടാവില്ല. അനുമതി ലഭിക്കാൻ വൈകിയ 19 സിനിമകളിൽ 12 സിനിമകൾക്ക് പ്രദർശനാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ചലച്ചിത്ര അക്കാദമി വിശദീകരിക്കുന്നത്.