അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: സ്വർണപ്പാളി വിഷയത്തിൽ മുഖ്യമന്ത്രി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒരു കാലത്തും കുറ്റവാളികളെ സംരക്ഷിക്കില്ല. ആര് തെറ്റ് ചെയ്താലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങൾക്കുള്ളത്. അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പോകുന്നില്ല. പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന് പിന്നിൽ രാഷ്ട്രീയമാണ്.
രണ്ട് ദിവസമായി പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുന്നു. രണ്ട് ദിവസവും ഒരുതരത്തിലുമുള്ള പ്രകോപനവും ഭരണപക്ഷത്ത് നിന്നുണ്ടായില്ല. പ്രതിപക്ഷവുമായി ചർച്ച ചെയ്ത് സമവായമുണ്ടാക്കാനുള്ള ശ്രമം സ്പീക്കർ നടത്തി. രാവിലെ എട്ടരക്ക് എല്ലാവെരയും സ്പീക്കറുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. എന്നാൽ പ്രതിപക്ഷത്ത് നിന്ന് ആരും വന്നില്ല.
സഭാ നടപടികൾ സംതംഭിപ്പിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിന്റെ ആവശ്യം എന്താണ്. ഇതുവരെ ആവശ്യമുന്നയിക്കാൻ അവർ തയ്യാറായിട്ടില്ല. സ്പീക്കറുടെ മുഖം കാണാത്ത രീതിയിൽ ബാനർ ഉയർത്തി പ്രതിപക്ഷം മറച്ചുപിടിച്ചത് ബോധപൂർവം ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു