ഡി മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമെന്ന് എസ് ഐ ടി; ശബരിമല സ്വർണക്കൊള്ള ബന്ധത്തിന് തെളിവില്ല
ശബരിമല സ്വർണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിക്കാതെ എസ്‌ഐടി സംഘം. മണിയും ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാൻ ചോദ്യം ചെയ്യലിൽ കഴിഞ്ഞിട്ടില്ല. മണിയുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണൻ നൽകിയ മൊഴി. തിരുവനന്തപുരത്ത് വന്നത് രണ്ട് തവണ മാത്രമാണെന്ന് ഡി മണിയും മൊഴി നൽകി.
തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്നാണ് മണി പറയുന്നത്. മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖരെയും അടക്കം ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്‌ഐടി കണ്ടെത്തൽ
അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണവ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. മൂന്ന് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്‌ഐടി നീക്കം.