ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകി; കണ്ണൂരിൽ രണ്ടാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം: കേസ്
കണ്ണൂർ: ക്ലാസ് മുറിയിലെ ബോർഡിൽ എഴുതിയ കാര്യങ്ങൾ വേഗത്തിൽ പകർത്തിയെഴുതിയില്ലെന്ന കാരണത്താൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് അധ്യാപകന്റെ ക്രൂരത. കണ്ണൂർ പട്ടാനൂർ യുപി സ്കൂളിലെ ഏഴ് വയസ്സുകാരനാണ് അധ്യാപകന്റെ മർദനമേറ്റത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകനായ വിപിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.
അധ്യാപകൻ കൈകൊണ്ട് കുട്ടിയുടെ തോളിൽ നാല് തവണ ശക്തമായി അടിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ (FIR) പറയുന്നു. മർദനത്തെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ നീർക്കെട്ടും ചതവും ഉണ്ടായിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദനവിവരം രക്ഷിതാക്കൾ അറിയുന്നത്.
തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അധ്യാപകനെതിരെ നടപടിയെടുത്തത്. കുട്ടിക്ക് നേരെ കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് എഫ്.ഐ.ആർ. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.