{"vars":{"id": "89527:4990"}}

ആശുപത്രിയാക്കാൻ കൊള്ളില്ല, ഹോട്ടലാക്കാൻ കൊള്ളാം; പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തിനെതിരെ മന്ത്രി കെ. മുരളീധരൻ

 

പത്തനാപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച പത്തനാപുരം താലൂക്ക് ആശുപത്രി വലിയ കെട്ടിടമാണെങ്കിലും അസൗകര‍്യങ്ങളും പോരായ്മകളും ഒരുപാടുണ്ടെന്ന് ആരോഗ‍്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ.

പ്ലാനിൽ പറയുന്ന രീതിയിലുള്ള കെട്ടിടം ആശുപത്രിയാക്കാൻ സാധിക്കില്ലെന്നും ഹോട്ടലാക്കാൻ കൊള്ളാമെന്നും മന്ത്രി പറഞ്ഞു. നാലു ഓപ്പറേഷൻ തിയെറ്ററുകൾ ആശുപത്രിയിൽ നിർമിക്കുന്നുണ്ടെങ്കിലും സിടി സ്കാൻ, എംആർഐ സ്കാൻ സൗകര‍്യങ്ങളില്ലാത്തത് വലിയ പോരായ്മയാണെന്നാണ് മന്ത്രി പറയുന്നത്.

കേന്ദ്രീകൃത ശീതീകരണസംവിധാനമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിന്‍റെ ആവശ‍്യമില്ലെന്നും പ്രതിമാസം വൈദ‍്യുതി ബില്ലിൽ ലക്ഷങ്ങളുടെ അധികബാധ‍്യതയുണ്ടാകുമെന്നും ഈ തുകയുണ്ടെങ്കിൽ സൗജന‍്യമായി രോഗികൾക്ക് മരുന്ന് വാങ്ങി നൽകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വലിയ ബഹുനില കെട്ടിടമാണെങ്കിലും നൂറിൽ താഴെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര‍്യം മാത്രമുള്ളൂയെന്നും സ്റ്റാർ ഹോട്ടൽ പോലെയുള്ള ആശുപത്രി കെട്ടിയിട്ട് കാര‍്യമില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിന്‍റെ നിർമാണച്ചുമതലയുള്ള ഇൻകൽ അധികൃതരുമായി ചർച്ച നടത്തിയ ശേഷം പോരായ്മകൾ പരിഹരിക്കുമെന്നും ആശുപത്രി പൂർത്തായാക്കുമെന്നും മന്ത്രി പറയുന്നു.