{"vars":{"id": "89527:4990"}}

ജെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ജോർണലിസ്‌റ്റ് & മീഡിയ അസോസിയേഷന്റെ (ജെഎംഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് 'ഈവനിംഗ് കേരള' ന്യൂസ് പോർട്ടൽ സ്‌ഥാപകനും എഡിറ്ററുമായ ശ്രീജിത്ത്‌ കുമാർ പ്രസിഡണ്ടും ആർ. സനാത് സെക്രട്ടറിയും സുജിത് ടിപി ട്രഷററുമായ പുതിയ ഭാരവാഹികൾ.
 

കോഴിക്കോട്: ജെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സംസ്‌ഥാന കമ്മിറ്റി. ജില്ലയിലെ സംഘടനാ അംഗങ്ങളുടെ അഭിപ്രായ ഐക്യത്തിൽ നോമിനേറ്റ് ചെയ്‌ത ഭാരവാഹികളിൽ നിന്ന്, സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.

ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുക, കാര്യക്ഷമമായി ഏകോപിപ്പിക്കുക എന്നിവയാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ചുമതല. പുതിയ ഭാരവാഹികൾക്ക് കീഴിൽ ജില്ലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്താർജ്‌ജിക്കുമെന്നും, മികച്ച മുന്നേറ്റം നടത്താൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും ജെഎംഎ സംസ്‌ഥാന പ്രസിഡണ്ട് ത്രിലോചനൻ വാർത്താക്കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു.

മംഗളം, കേരള കൗമുദി, സുപ്രഭാതം, ജീവൻ ടിവി ഉൾപ്പടെയുള്ള മാദ്ധ്യമ സ്‌ഥാപനങ്ങളിൽ വിവിധ തസ്‌തികകൾ വഹിച്ചിട്ടുള്ള ശ്രീജിത്ത് കുമാറിന് 26 വർഷത്തെ സമഗ്രമായ അനുഭവസമ്പത്താണ് ഉള്ളത്. നിലവിൽ 'ഈവനിംഗ് കേരള' ന്യൂസ് പോർട്ടൽ ഉൾപ്പെടെയുള്ള മാദ്ധ്യമ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

ജില്ലാ കമ്മിറ്റിക്ക് സംസ്‌ഥാന-ദേശീയ നേതൃത്വം പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ജില്ലയിൽ ഓൺലൈൻ മേഖലയിൽ ഉൾപ്പടെയുള്ള മാദ്ധ്യമ മേഖലയെ ഏകോപിപ്പിച്ച് സംഘടനയെ കൂടുതൽ ശക്‌തമാക്കാൻ അംഗങ്ങളുടെ പിന്തുണ അഭ്യർഥിക്കുന്നതായും ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് പറഞ്ഞു.