{"vars":{"id": "89527:4990"}}

പുതിയ ലുക്കില്‍ ജോളി: ജീന്‍സും ടോപ്പും ധരിച്ച് കൂടത്തായി കേസ് പ്രതി കോടതിയില്‍

 

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് പുതിയ ലുക്കില്‍ കോടതിയിലെത്തി. നീല ജീന്‍സും ടോപ്പും ധരിച്ച്, മാറിയ വേഷവിധാനത്തോടെയാണ് ജോളി കോഴിക്കോട് മാറാട് പ്രത്യേക വിചാരണ കോടതിയില്‍ ഹാജരായത്.

​സാധാരണയായി ചുരിദാറോ സാരിയോ ധരിച്ചെത്താറുള്ള ജോളി, ഇത്തവണ വ്യത്യസ്ത വേഷവിധാനത്തിലാണ് പൊലീസിന്റെ കനത്ത സുരക്ഷയില്‍ കോടതി മുറിയിലേക്ക് കടന്നുവന്നത്. ജോളിയുടെ പുതിയ ലുക്ക് കോടതി വളപ്പിലുണ്ടായിരുന്ന അഭിഭാഷകര്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടി.

​പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ വെവ്വേറെ കാലയളവുകളില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുകയാണ് ജോളി ജോസഫ്. നിലവില്‍ കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരവും അനുബന്ധ നടപടികളും പ്രത്യേക കോടതിയില്‍ തുടരുകയാണ്. 

സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തിയത് വാര്‍ത്തയായിരുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.

ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുണ്ടായിരുന്നത്. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. കേസിലാണ് ജോളി ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ആര്‍.ഹരിദാസ് കഴിഞ്ഞ മൂന്ന് തവണ ഹാജരായിരുന്നില്ല. തുടര്‍ന്ന് വിചാരണ മാറ്റുകയായിരുന്നു. മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ്‌കുമാര്‍ മുന്‍പാകെ സിലി വധക്കേസിലെ കുറ്റപത്രത്തില്‍ വാദം പൂര്‍ത്തിയായിരുന്നു.

2011ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരന്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.