യുഡിഎഫിലെ പൊട്ടിത്തെറി: നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് സിപിഎം, യുഡിഎഫിൽ അധികാരത്തർക്കം

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയ നടപടിയോട് പ്രതികരിച്ച് സിപിഎം. ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ ഡി എഫ്
 

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയ നടപടിയോട് പ്രതികരിച്ച് സിപിഎം. ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ ഡി എഫ് നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാര്യങ്ങൾ കലങ്ങി തെളിഞ്ഞു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു

ജോസ് പക്ഷം നയം വ്യക്തമാക്കട്ടെയെന്നും നയത്തിന്റെ അടിസ്ഥാനത്തിലേ തീരുമാനം എടുക്കൂവെന്നും സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കാണുന്നതെന്ന് എൽ ഡി എഫ് കൺവീനർ വിജയരാഘവനും പറഞ്ഞു.

പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി എന്നായിരുന്നു ജോസ് കെ മാണി പ്രതികരിച്ചത്. 38 വർഷം പ്രതിസന്ധി ഘട്ടത്തിൽ യുഡിഎഫിനെ താങ്ങിനിർത്തിയ കെ എം മാണിയെയാണ് പുറത്താക്കിയതെന്നും ജോസ് കെ മാണി പറഞ്ഞു

യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞു