ഫണ്ട് പിരിക്കാനും പാർട്ടി പരിപാടി നടത്താനുമുള്ള ഒരു സ്ഥലം മാത്രം; മുസ്ലീം ലീഗിൽ പൊട്ടിത്തെറി: സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് ജില്ലാ കമ്മറ്റി
Jul 3, 2026, 15:00 IST
കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അണികളിൽ നിന്നും ഭാരവാഹികളിൽ നിന്നും രൂക്ഷമായ വിമർശനവും പ്രതിഷേധവും. കോഴിക്കോട് ജില്ലയെ വെറും ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ നടത്താനുമുള്ള ഒരു പ്രദേശം മാത്രമായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്ന തരത്തിലാണ് യോഗത്തിൽ കടുത്ത അതൃപ്തി ഉയർന്നത്.
ജില്ലയിൽ നിന്നുള്ള എംഎൽഎമാരെ മന്ത്രി പദവിയിലേക്ക് പരിഗണിക്കാതിരുന്നതും, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ കോഴിക്കോടിന് അർഹമായ പ്രാതിനിധ്യം നൽകാതെ അവഗണിച്ചതുമാണ് ഈ പൊട്ടിത്തെറിക്ക് കാരണമായത്. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മണ്ഡലം ഭാരവാഹികളാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ഈ ആഭ്യന്തര തർക്കം ലീഗിന് വലിയ തലവേദന സൃഷ്ടിച്ചേക്കുമെന്നാണ് സൂചന.