{"vars":{"id": "89527:4990"}}

നീതി ലഭിച്ചു; അവഗണിച്ചവർക്കുള്ള മറുപടി: ഒടുവിൽ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു

 

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിന് ഇരയായി വർഷങ്ങളോളം കൊടിയ വേദനയും അവഗണനയും നേരിട്ട അടിവാരം സ്വദേശി കെ.കെ. ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായാണ് (ഓഫീസ് അറ്റൻഡർ) ഹർഷിന ചുമതലയേറ്റത്. ആശുപത്രി വികസന സമിതി (HDS) വഴിയാണ് സ്ഥിരനിയമനം നൽകിയിരിക്കുന്നത്.

​തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യ മന്ത്രി കെ. മുരളീധരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഹർഷിനയ്ക്ക് അനുകൂലമായി സർക്കാർ അടിയന്തര ഉത്തരവിറക്കിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റുകയായിരുന്നു.

​തനിക്ക് പൂർണ്ണമായും നീതി ലഭിച്ചുവെന്നും തന്നെ അവഗണിച്ചവർക്കും പുച്ഛിച്ചു തള്ളിയവർക്കും ഉള്ള മറുപടിയാണ് ഈ ജോലിയെന്നും ജോലിയിൽ പ്രവേശിച്ച ശേഷം ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ഒമ്പത് വർഷത്തോളം നീണ്ട ദുരിതകാലമായിരുന്നെന്നും നാല് വർഷത്തോളം ഇതിനായി സമരം ചെയ്യേണ്ടി വന്നെന്നും അവർ കൂട്ടിച്ചേർത്തു. ബിരുദ പഠനം പോലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, താൻ ആവശ്യപ്പെടാതെ തന്നെ സർക്കാർ ജോലി നൽകിയതിൽ വലിയ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.